ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇടയില്‍ വ്യത്യസ്തമായ ഒരു കാമ്പയിനുമായി വോട്ടര്‍മാരെ സമീപിക്കുകയായിരുന്നു പിപ്രായിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. താന്‍ ഒരു അഴിമതിക്കാരാനാണ്. അഴിമതി തുടരുന്നതിന് വേണ്ടി തനിക്ക് വോട്ട് നല്‍കണം എന്ന ആവശ്യവുമായാണ് അരുണ്‍ വോട്ടര്‍മാരെ സമീപിച്ചത്.
എന്റെ പേര് അരുണ്‍ കുമാര്‍ താന്‍ ഒരു അഴിമതിക്കാരനായ സ്ഥാനാര്‍ത്ഥിയാണ്. തനിക്ക് വോട്ട് നല്‍കണം. അഴിമതിക്കാരനായി തന്നെ തുടരും എന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നാണ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് പറഞ്ഞത്.
തന്റെ ചിഹ്നം ഷൂസ് ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ ആത്മാര്‍ത്ഥതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി. ഇത്തവണ അഴിമതിക്കാരനായ തനിക്ക് വോട്ട് നല്‍കൂ. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ വോട്ട് നല്‍കിയാല്‍ മതി. അത് തിരഞ്ഞെടുപ്പില്‍ താന്‍ കെട്ടിവെച്ച കാശ് നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. എന്നാല്‍ ഒരു പദ്ധതി പ്രകാരവും പൂര്‍വാഞ്ചല്‍ പ്രദേശത്തെ ആര്‍ക്കും തൊഴില്‍ ലഭിച്ചില്ല. ഇവിടുത്തെ ആളുകള്‍ക്ക വേണ്ടി ഒരു പ്രതിനിധി നിയമസഭയില്‍ ആവശ്യമാണ്. അതിനാണ് താന്‍ മത്സരിക്കുന്നത് എന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആറ് ഘട്ടവും കഴിഞ്ഞു. മുഖ്യമന്ത്രിയായ യേഗി ആദിത്യനാഥ് മത്സരിക്കുന്ന മണ്ഡലത്തില്‍ ഇന്നലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിനാണ് നടക്കുക. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.