തന്നെ വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആണെന്ന ഭരണകൂടത്തിന്റെ അവകാശവാദങ്ങൾ വ്യാജമാണ്. കശ്മീരിലെ സ്ഥിതി സാധാരണനിലയിൽ അല്ല എന്ന് ഭരണകൂടം തന്നോട് പറഞ്ഞതായും മെഹബൂബ മുഫ്തി പറഞ്ഞു.
“ഇന്ത്യൻ സർക്കാർ അഫ്ഗാൻ ജനതയുടെ അവകാശങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നു, എന്നാൽ അത് കശ്മീരികൾക്ക് മനഃപൂർവ്വം നിഷേധിക്കുന്നു. എന്നെ ഇന്ന് വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്, കാരണം ഭരണകൂടം പറയുന്നതനുസരിച്ച് കശ്മീരിലെ സ്ഥിതി സാധാരണ നിലയിലല്ല. കാര്യങ്ങൾ സാധാരണ നിലയിലാണെന്ന അവരുടെ വ്യാജ അവകാശവാദങ്ങളെ ഇത് തുറന്നുകാട്ടുന്നു.” മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
GOI expresses concern for the rights of Afghan people but wilfully denies the same to Kashmiris. Ive been placed under house arrest today because according to admin the situation is far from normal in Kashmir. This exposes their fake claims of normalcy. pic.twitter.com/m6sR9vEj3S
— Mehbooba Mufti (@MehboobaMufti) September 7, 2021
കശ്മീർ ഒരു ‘തുറന്ന ജയിൽ’ ആണെന്ന് നേരത്തേ മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. അന്തരിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹം പാകിസ്ഥാൻ പതാകയിൽ പൊതിഞ്ഞെന്നും “ദേശവിരുദ്ധ” മുദ്രാവാക്യങ്ങൾ ഉയർത്തി എന്നുമുള്ള ആരോപണത്തിൽ എഫ്ഐആർ ഫയൽ ചെയ്തതിനെ തുടർന്നും മെഹ്ബൂബ മുഫ്തി കേന്ദ്രത്തെ വിമർശിച്ചു.
“കാശ്മീരിനെ ഒരു ഓപ്പൺ എയർ ജയിലാക്കി മാറ്റി. ഇപ്പോൾ മരിച്ചവരെ പോലും വെറുതെ വിടുന്നില്ല. ഒരു വ്യക്തിയുടെ മരണത്തിൽ അയാളുടെ കുടുംബത്തിന് ഒന്ന് വിലപിക്കാനും അവരുടെ ആഗ്രഹപ്രകാരം അന്തിമോപചാരങ്ങൾ അർപ്പിക്കാൻ പോലും അനുവദിക്കുന്നില്ല. സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബത്തിനെതിരെ യു.എ.പി.എ കേസ് എടുത്തിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയ മാനസിക വിഭ്രാന്തിയും ക്രൂരതയുമാണ് ഇത് കാണിക്കുന്നത്. ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ കശ്മീർ.” മെഹബൂബ മുഫ്തി പറഞ്ഞു.
Read more
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടർന്ന്. ബിഎസ്എൻഎല്ലിന്റെ പോസ്റ്റ് പെയ്ഡ് ഒഴികെയുള്ള മൊബൈൽ ടെലിഫോൺ സേവനങ്ങളും ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡും ഫൈബറും ഒഴികെയുള്ള ഇന്റർനെറ്റ് സേവനങ്ങളും ബുധനാഴ്ച രാത്രി അധികൃതർ റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മെഹബൂബ മുഫ്തിയുടെ പരാമർശം.