'ഞാൻ വെല്ലുവിളിച്ചതാണ്, ബിജെപി തോറ്റു'; രാജിവച്ച് രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രി കിരോഡി ലാൽ മീണ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഒരു മാസത്തിന് ശേഷം രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രി കിരോഡി ലാൽ മീണ രാജിവെച്ചു. രാജസ്ഥാനിലെ ബിജെപി നേതാവ് കൂടിയായ കിരോഡി ലാൽ മീണ മന്ത്രിസ്ഥാനവും പാർട്ടിയിലെ പദവികളുമാണ് രാജിവെച്ചത്. ലോക്‌സഭാ സീറ്റിൽ ബിജെപി തോറ്റാൽ താൻ രാജിവെക്കുമെന്ന് നേരത്തെ കിരോഡി ലാൽ മീണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അതേസമയം കിരോഡി ലാൽ മീണയുടെ രാജി നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാദ്ഗാനത്തിൻ്റെ അടിസ്ഥാനത്തിലാണ് കിരോഡി ലാൽ മീണയുടെ രാജി. ദൗസ ഉൾപ്പെടുന്ന കിഴക്കൻ രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം ഇവിടുത്തെ ഏഴ് സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇല്ലെങ്കിൽ താൻ രാജിവെക്കുമെന്നായിരുന്നു വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ വെല്ലുവിളി.

രാജസ്ഥാനിലെ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി പരാജയപ്പെട്ടെന്നും തനിക്ക് പാർട്ടിയെ വിജയിപ്പിക്കാനായില്ലെന്നും  കിരോഡി ലാൽ മീണ പറഞ്ഞു. മന്ത്രിസഭയിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്നും കിരോഡി ലാൽ മീണ പറഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രി ഭജൻലാലിൻ്റെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും കിരോഡി സൂചിപ്പിച്ചു.

പ്രായം കൊണ്ടും പാർട്ടിയിലെ പ്രവർത്തന കാലയളവും പരിചയ സമ്പത്ത് കൊണ്ടും മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മുകളിലാണ് കിരോഡി ലാൽ മീണയുടെ സ്ഥാനം. നിലവിൽ കാബിനറ്റ് മന്ത്രിയായ കിരോഡി മുൻ രാജ്യസഭാ എംപിയും രണ്ട് തവണ ലോക്‌സഭാ എംപിയും അഞ്ച് തവണ എംഎൽഎയുമായിട്ടുണ്ട്. ഔദ്യോഗിക ശ്രേണിയിൽ, മുഖ്യമന്ത്രിക്കും രണ്ട് ഉപമുഖ്യമന്ത്രിമാർക്കും തൊട്ടുപിന്നാലെയുള്ള കിരോഡി ലാൽ മീണ, കൃഷി, ഹോർട്ടികൾച്ചർ, റൂറൽ ഡെവലപ്‌മെൻ്റ്, ഡിസാസ്റ്റർ മാനേജ്‌മെൻ്റ്, റിലീഫ് ആൻഡ് സിവിൽ ഡിഫൻസ്, പബ്ലിക് പ്രോസിക്യൂഷൻ റെഡ്രസൽ ഡിപ്പാർട്ട്‌മെൻ്റ് എന്നീ നാല് വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു.