2021 ന്റെ ആദ്യ പാദത്തോടെ കൊറോണ വൈറസ് വാക്സിൻ തയ്യാറായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. “സൺഡേ സാംവാദ്” എന്ന പരിപാടിയുടെ ഭാഗമായുള്ള ഒരു ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു.
മുൻനിര ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരന്മാർ, അനുബന്ധ അസുഖമുള്ളവർക്കും വാക്സിൻ ആദ്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ സുരക്ഷ, ചെലവ്, ഇക്വിറ്റി, കോൾഡ് ചെയിൻ ആവശ്യകതകൾ, ഉൽപാദന സമയപരിധി തുടങ്ങിയ വിഷയങ്ങൾ ഗൗരവമായി ചർച്ചചെയ്യുന്നുണ്ടെന്ന് ഹർഷ് വർധൻ പറഞ്ഞു. വാക്സിൻ ആദ്യം ആവശ്യമുള്ളവർക്ക് അവരുടെ സാമ്പത്തിക ശേഷി പരിഗണിക്കാതെ തന്നെ നൽകും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“റെംഡെസിവിർ പോലുള്ള മരുന്നുകളുടെ നിയമവിരുദ്ധമായ വിപണനത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനോടും അവരുടെ സംസ്ഥാനങ്ങളിലെ സഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്,” ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ ആളുകളുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.
“നല്ല നിലവാരം ഉള്ള പി.പി.ഇ (സ്വകാര്യ സുരക്ഷാ ഉപകരണം)-കൾ നിർമ്മിക്കുന്നതിനായി ഏകദേശം 110 തദ്ദേശീയമായ നിർമ്മാതാക്കൾ ഇപ്പോൾ ഉണ്ട്. രാജ്യത്തെ ആവശ്യങ്ങൾക്ക് മാത്രമല്ല വേണമെങ്കിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനായി കയറ്റുമതി ചെയ്യാനും ഇന്ത്യക്ക് കഴിയും,” ആരോഗ്യമന്ത്രി പറഞ്ഞു.