വോട്ട് ചെയ്ത ആളുടെ പേര് തെളിഞ്ഞില്ല, മെഷീനില്‍ വന്നത് മറ്റാരുടെയോ പേര്, ജയില്‍ശിക്ഷ കിട്ടുമെന്നതിനാല്‍ പരാതിപ്പെട്ടില്ലെന്ന് അസം മുന്‍ ഡി.ജി.പി

രാജ്യവ്യാപകമായി വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള പരാതികള്‍ പെരുകവെ, പുതിയ വെളിപ്പെടുത്തലുമായി അസമിലെ മുന്‍ ഡി ജി പി.
താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല വോട്ടിംഗ് മെഷീനില്‍ തെളിഞ്ഞതെന്നും വാദം തെളിയിക്കാന്‍ കഴിയാതെ പോയാല്‍ ശിക്ഷിക്കപ്പെടുമെന്ന പേടിയില്‍ പരാതി നല്‍കിയില്ലെന്നും അസം മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക പറഞ്ഞു.

“ലചിത്ത് നഗര്‍ എല്‍.പി സ്‌കൂളില്‍ താന്‍ ആദ്യ വോട്ടറായിരുന്നുവെന്നും വോട്ട് ചെയ്യാനുദ്ദേശിച്ച സ്ഥാനാര്‍ത്ഥിയുടെ പേരല്ല ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മെഷീനില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. പകരം മറ്റൊരുടെയോ പേരാണ് വന്നത് .
വിവരം അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നിയമപരമായി പരാതി നല്‍കിയാല്‍ മാത്രമേ പരാതി സ്വീകരിക്കുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. 2 രൂപക്ക് ഒരു റസീപ്റ്റ് സ്വീകരിക്കണം, മാത്രമല്ല പരാതി തെറ്റാണെന്ന് തെളിഞ്ഞാല്‍ ആറ് മാസത്തേക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

അതുകൊണ്ട് തന്നെ ഒരു റിസ്‌ക് എടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ച് പരാതി നല്‍കാതെ മടങ്ങുകയായിരുന്നുവെന്നും മുന്‍ ഡി.ജി.പി ഹരികൃഷ്ണ ദെക്ക പറഞ്ഞു.