'വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും' , യോഗിക്ക് മറുപടിയുമായി സിദ്ധരാമയ്യ

വേണമെന്ന് തോന്നിയാല്‍ താന്‍ കഴിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് ജനങ്ങളുടെ ഭക്ഷണശീലത്തില്‍ അനാവശ്യമായി ഇടപെടുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുവിശ്വാസികളില്‍ നിരവധിപേര്‍ ബീഫ് കഴിക്കാറുണ്ട്. എനിക്കിഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ കഴിക്കാറില്ല.വേണമെന്ന് തോന്നിയാല്‍ കഴിക്കും. ഞാന്‍ പശുവിനെ നോക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുമുണ്ട്. യോഗി ആദിത്യനാഥ് പശുവിനെ നോക്കാറുണ്ടോ. പിന്നെ എന്ത് അധികാരത്തിലാണ് എന്നെ വിമര്‍ശിക്കുന്നത്. സിദ്ധരാമയ്യ ചോദിച്ചു. ഹിന്ദുവായിരിന്നിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും യഥാര്‍ത്ഥ ഹിന്ദു ഇങ്ങനെ ചെയ്യില്ലെന്നും യോഗി സിദ്ധരാമയ്യയെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ആഞ്ഞടിക്കുകയായിരുന്നു സിദ്ധരാമയ്യ.

കര്‍ണാടക സന്ദര്‍ശിക്കാനെത്തിയ യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ണാടകയിലെ റേഷന്‍കടകളും ഇന്ദിര കാന്റീനുമൊക്കെ സന്ദര്‍ശിക്കണമെന്നും സിദ്ധരാമയ്യ ട്വിറ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോസംരക്ഷണത്തില്‍ തൂങ്ങി വികസനത്തില്‍ പിന്നോട്ടാണെന്ന് പരിഹസിക്കുകയായിരുന്നു അദ്ദേഹം.