ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി പുറത്തിറക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശീയ വാക്സിൻ വേഗത്തിൽ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആർ ഭാരത് ബയോടെക്കിന് അയച്ച കത്ത് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ് ഓഗസ്റ്റ് 15 നകം വാക്സിൻ പുറത്തിറക്കാൻ ഐസിഎംആർ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. വാക്സിൻ ജനങ്ങൾക്കായി ലഭ്യമാക്കുന്നതിന് മുമ്പ് നിർബന്ധമായും നടത്തിയിരിക്കേണ്ട പരീക്ഷണങ്ങൾ ഉണ്ട്. വിവിധ ഘട്ടങ്ങളായുള്ള മരുന്നിന്റെ ട്രയൽ/പരീക്ഷണം നടത്തുവാനുള്ള സാഹചര്യത്തിലേക്ക് ഗവേഷണം എത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ തന്നെ ഈ പരീക്ഷണങ്ങൾ/ട്രയൽ വിജയം കാണുമോ എന്ന് ഉറപ്പില്ലാതെ എങ്ങനെയാണ് വാക്സിൻ പുറത്തിറക്കുന്നതിന് കൃത്യമായ ഒരു തിയതി നിശ്ചയിക്കാനാവുക തുടങ്ങിയവയാണ് നിലവിൽ ഉയരുന്ന ചോദ്യങ്ങൾ.
“ബിബിവി 152 കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ സൈറ്റായി നിങ്ങളെ തിരഞ്ഞെടുത്തിരുന്നു. കോവിഡ്-19 പകർച്ചവ്യാധി കാരണം ഉണ്ടായിരിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത്, വാക്സിൻ പുറത്തിറക്കുന്നതിന്, ക്ലിനിക്കൽ ട്രയൽ/പരീക്ഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും വേഗത്തിൽ നടപ്പിലാക്കാൻ കർശനമായി നിർദ്ദേശിക്കുന്നു,” എന്നാണ് ഐസിഎംആർ ഭാരത് ബയോടെക്കിന് അയച്ച കത്തിൽ പറയുന്നത്.
ഭാരത് ബയോടെക് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
https://www.facebook.com/rajiv.personal/posts/10163845798815176