'പക്കോട' വില്‍ക്കുന്നത് തൊഴിലെങ്കിലും, തെണ്ടലും അങ്ങനെയാക്കണം ' കേന്ദ്ര സര്‍ക്കാരിനെതിരെ പി.ചിദംബരം

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വീമ്പുപറച്ചലിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. നിങ്ങള്‍ പക്കോട വില്‍ക്കുന്നത് തൊഴിലായി പരിഗണിക്കുകയാണെങ്കില്‍ തെണ്ടലും തൊഴിലായി കാണണമെന്ന് ചിദമ്പരം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയാണ് സര്‍ക്കാരിനുനേരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് ഒരു എത്തും പിടിയും ഇല്ലെന്നും ചിദംബരം ആരോപിച്ചു.

തെരുവില്‍ പക്കോട വില്‍ക്കുന്നതും വലിയ തൊഴിലായാണ് പ്രധാനമന്ത്രി ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ തെരുവില്‍ തെണ്ടുന്നത് പോലും തൊഴിലായി പരിഗണിക്കണം. പാവപ്പെട്ടവരും ഭിന്നശേഷിക്കാരും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഭിക്ഷാടനം തൊഴിലാക്കുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജനുവരി 19 ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പക്കോട വില്‍ക്കുന്നത് തൊഴിലായി പരിഗണിച്ച്കൂടെ എന്ന ചോദ്യം ഉന്നയിച്ചത്. ആളുകള്‍ തെരുവില്‍ പക്കോട വില്‍ക്കുകയും വൈകുന്നേരമാകുമ്പോള്‍ 200 രൂപ സമ്പാദിക്കുകയും ചെയ്യുന്നു. അത് ഒരു തൊഴിലായി പരിഗണിക്കാന്‍ കഴിയില്ലേ ? എന്നായിരുന്നു ചോദ്യം.

തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്കെല്ലാം ജോലി ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തൊഴിലുറപ്പിലുള്ളവര്‍ 100 ദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും ബാക്കി 265 ദിവസം തൊഴില്‍രഹിതരായി ഇരിക്കുകയാണെന്നതാണ് വാസ്തവം.

ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും, യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും വേണ്ടിയാണ് 2005 ല്‍ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി പദ്ധതി നടപ്പാക്കുന്നത്. എല്ലാവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാനലക്ഷ്യം തന്നെ.

രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നെങ്കില്‍ അത് പ്രധാനമായും പ്രതിഫലിക്കുന്നത് സ്വകാര്യ മേഖലയിലായിരിക്കും സ്വകാര്യമേഖലയില്‍ നിക്ഷേപവും, ഉപഭോഗവും, കയറ്റുമതിയും വര്‍ധിക്കും എന്നാല്‍ ഇതുവരെയും അങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന ചിദംബരം പറയുന്നു.