മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. പ്രവാചകനായ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകം മുഴുവനുമുള്ള മുസ്ലിം വര്‍ഗീയവാദികളുടെ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്ന് അവര്‍ ട്വീറ്റ് ചെയ്തു.
ട്വീറ്റ് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നിരവധി ആളുകള്‍ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വിദേശ രാജ്യങ്ങളും പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനമുണ്ടായി. ആയിരക്കണക്കിന് ആളുകളാണ് ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്കയില്‍ മാര്‍ച്ച് നടത്തിയത്.
ബംഗ്ലാദേശിലെ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.