ഈ തീരുമാനം നേരെത്തെ എടുത്തിരുന്നെങ്കിൽ 700 ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു: മോദിയെ വിമർശിച്ച് ബി.ജെ.പി എം.പി വരുൺ ഗാന്ധി

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് നാല് വലിയ ആവശ്യങ്ങൾ പട്ടികപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ഓൺലൈനിൽ ഒരു കത്ത് പോസ്റ്റ് ചെയ്ത് ബിജെപി എം.പി വരുൺ ഗാന്ധി.

നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700-ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച എം.പി, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരിച്ചവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.

കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത കള്ളക്കേസുകളും പിൻവലിക്കണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) എന്ന പേരിൽ ഉറപ്പുനൽകുന്ന വില വർധിപ്പിക്കാനുള്ള അവരുടെ ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്ലാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബിജെപി മന്ത്രി അജയ് മിശ്രയുടെ മകനും സഹായികളും ഒരു കൂട്ടം കർഷകർക്ക് നേരെ കാർ ഓടിച്ചു കയറ്റുകയും അക്രമം അഴിച്ചുവിടുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവവും വരുൺ ഗാന്ധി കത്തിൽ ഉന്നയിച്ചു.

“ഈ മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങളുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു. 700-ലധികം കർഷക സഹോദരീസഹോദരന്മാർ പ്രദിഷേധങ്ങളിൽ രക്തസാക്ഷികളായി, അവർ വളരെ പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചു. എന്നാൽ ഈ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ, ഈ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,” വരുൺ ഗാന്ധി കത്തിൽ പറഞ്ഞു.

“പ്രതിഷേധത്തെ തുടർന്ന് നമ്മുടെ കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിത എഫ്‌ഐആറുകളും ഉടൻ റദ്ദാക്കണം,” വരുൺ ഗാന്ധി പറഞ്ഞു.

“കർഷകർക്ക് അവരുടെ വിളകൾക്ക് എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നത് വളരെ പ്രധാനമാണ്. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷന്റെ C2+50% ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എം.എസ്.പി. ഈ ആവശ്യം പരിഹരിക്കാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ല, അവർക്കിടയിൽ വ്യാപകമായ രോഷം ഉണ്ടാകും, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉയർന്നുവരുന്നത് തുടരും.”

“ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല നേതാക്കളും പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നൽകിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും പ്രതിഷേധങ്ങൾക്ക് ചുറ്റും സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിന്റെയും ഫലമാണ് ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ അഞ്ച് കർഷക സഹോദരങ്ങൾ വാഹനങ്ങൾ ഇടിച്ച്‌ കൊല്ലപ്പെട്ട സംഭവം. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് ഉചിതമായ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” വരുൺ ഗാന്ധി പറഞ്ഞു.

യുപിയിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന മറ്റ് കർഷകരെ പിന്തുണച്ച് സംസാരിച്ചതിനും പിന്നാലെ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്താക്കപ്പെട്ട വരുൺ ഗാന്ധിയുടെ, ബിജെപിയ്‌ക്കെതിരായ നിശിത വിമർശനമാണ് കത്തിൽ ഉള്ളത്.

പ്രതിപക്ഷമായ കോൺഗ്രസിനെ നിയന്ത്രിക്കുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അംഗമായ വരുൺ ഗാന്ധിയും അമ്മയും 2004-ൽ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ സമീപ വർഷങ്ങളിൽ ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് വരുൺ ഗാന്ധി.