സർക്കാരിനെ പുകഴ്ത്തൂ, മാസം എട്ട് ലക്ഷം നേടൂ! പുതിയ സോഷ്യൽ മീഡിയ നയവുമായി യുപി സർക്കാർ, ഫോളോവേഴ്സിന് അനുസരിച്ച് പണം

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പുകഴ്ത്തുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് മാസം എട്ടു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്യുന്ന പുതിയ സമൂഹ മാധ്യമ നയവുമായി ഉത്തർപ്രദേശ്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ച് പണം നൽകുന്ന നയം മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു.

കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. യൂട്യൂബ് അക്കൗണ്ടുകൾക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തിൽ നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസത്തിൽ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക. കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങൾ കൈമാറുക.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം, രാജ്യവിരുദ്ധ കണ്ടന്റുകൾ, അസഭ്യവും അധിക്ഷേപകരവുമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.

Read more