'പശുക്കളെ കടത്തുകയോ കശാപ്പു ചെയ്യുകയോ ചെയ്താല്‍ കൊല്ലപ്പെട്ടിരിക്കും', ഭീഷണിയുമായി ബിജെപി നേതാവ്

രാജസ്ഥാനില്‍ കന്നുകാലികളെ കയറ്റിക്കൊണ്ടുപോയ ലോറി ഡ്രൈവര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി എം എല്‍എ ഗ്യാന്‍ ദേവ് അഹൂജ. പശുക്കളെ കടത്തുന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെട്ടിരിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം കന്നുകാലികളെ കയറ്റിക്കൊണ്ടു പോയ ട്രക്കിലെ ഡ്രൈവറെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ജയ്പൂര്‍ സ്വദേശിയായ സാക്കിര്‍ ഖാനാണ് ആക്രമിക്കപ്പെട്ടത്. പിന്നീട് ചെക് പോസ്റ്റ് മറികടന്നുപോയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗ്യാന്‍ ദേവ് പ്രതികരിക്കുകയായിരുന്നു. പശുക്കളെ കടത്തുകയോ കശാപ്പു ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെട്ടിരിക്കുമെന്നായിരുന്നു പ്രതികരണം.

അറസ്റ്റിലായപ്പോഴാണ് തന്നെ ഗ്രാമവാസികള്‍ ആക്രമിച്ചെന്ന് സാക്കീര്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ആളുകള്‍ ആക്രമിച്ചില്ലെന്നും വണ്ടിമറിഞ്ഞാണ് ഡ്രൈവറിന് അപകടം പറ്റിയതെന്നുമാണ് ഗ്യാന്‍ ദേവിന്റെ ന്യായീകരണം. രാംഗ്രാഹില്‍ നിന്നുള്ള ബി.ജെ.പി ലെജിസ്ലേറ്ററായിട്ടുള്ള ഗ്യാന്‍ ദേവ് നേരത്തെയും വിദ്വേഷകരമായ പ്രസ്താവനകളില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.