ഭാഷാനയത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ നേതാക്കള്‍ രംഗത്ത്. തങ്ങള്‍ ബില്ല് പാസാക്കുന്ന കാലത്ത് പവന്‍ കല്യാണ്‍ ജനിച്ചിട്ടുപോലുമുണ്ടാവില്ലെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.
1938 മുതല്‍ തങ്ങള്‍ ഹിന്ദിയെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ച് പവന്‍ കല്യാണിന് ഒന്നുമറിയില്ല. ഹിന്ദിയെ തങ്ങള്‍ എതിര്‍ക്കുന്നത് ഇത് ആദ്യത്തെ തവണയൊന്നുമല്ല. തമിഴ്നാട് എക്കാലവും പിന്തുടരുന്ന ദ്വിഭാഷാ ഫോര്‍മുല തങ്ങള്‍ സംസ്ഥാന നിയമസഭയില്‍ പാസാക്കിയത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ഉപദേശങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും ഇളങ്കോവന്‍ കൂട്ടിച്ചേര്‍ത്തു.
പവന്‍ കല്യാണിന് ഏത് വിധേനയും ബിജെപിയെ പിന്തുണയ്ക്കണം. എന്നാല്‍ മാത്രമേ പവന്‍ കല്യാണിന് ബിജെപി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലുമൊക്കെ നേടാനാകൂവെന്നും ഇളങ്കോവന്‍ പറഞ്ഞു. ഡിഎംകെ വക്താവ് ഡോ സയിദ് ഹഫീസുള്ളയും പവന്‍ കല്യാണിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read more
പവന്‍ കല്യാണിന്റേത് ഉപരിപ്ലവമായ ആരോപണമാണെന്നും ഭാഷാരാഷ്ട്രീയത്തില്‍ തമിഴ്നാട് പുലര്‍ത്തിവരുന്ന നിലപാടുകളെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് പവന്‍ കല്യാണ്‍ പൊള്ളയായ വാദങ്ങള്‍ നിരത്തുന്നതെന്ന് സയിദ് ഹഫീസുള്ള പറഞ്ഞു. ഹിന്ദിയോ മറ്റേതു ഭാഷയോ തമിഴ്നാട്ടിലെ ജനങ്ങള്‍ പഠിക്കുന്നത് സംസ്ഥാനം ഒരിക്കലും എതിര്‍ത്തിട്ടില്ല, എതിര്‍ക്കുന്നത് ജനങ്ങള്‍ക്കുമേല്‍ നിര്‍ബന്ധിച്ച് അടിച്ചേല്‍പിക്കുന്നതിലാണെന്നും ഹഫീസുള്ള കൂട്ടിച്ചേര്‍ത്തു.