പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി വാരാണസിയിലെ റെഡ് ചര്‍ച്ച്. ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതമായി സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കരങ്ങളാല്‍ എല്ലാവരെയും ചേര്‍ത്തുനിറുത്തുന്ന റെഡ് ചര്‍ച്ച് എന്നറിയപ്പെടുന്ന ബിഷപ്പ് ഹൗസില്‍ ഇത്തവണത്തെ ഇഫ്താര്‍ വിരുന്ന് മതേതരത്വത്തിന്റെ വിശാലത വിളിച്ചോതുകയായിരുന്നു.
പതിവുതെറ്റാതെ ഇക്കൊല്ലവും നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വേരുകള്‍ക്കപ്പുറം സമന്വയത്തിന്റെ ചരിത്രപരമായ പാരമ്പര്യമുള്ള ബിഷപ്പ് ഹൗസ്, നൂറ്റാണ്ടുകളായി വൈവിധ്യമാര്‍ന്ന സമൂഹങ്ങളെ ഒരുമിപ്പിച്ച് വാരണാസിയുടെ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു.
മതേതരത്വത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്ന പ്രേംചന്ദ്, കബീര്‍, സന്ത് രവിദാസ് എന്നിവരുടെ പൈതൃകങ്ങള്‍ ചര്‍ച്ചിന്റെ ചുവരുകളില്‍ പ്രതിധ്വനിക്കുന്നുവെന്നതും ബിഷപ്പ് ഹൗസിന്റെ മാത്രം പ്രത്യേകതയാണ്. നാല് പതിറ്റാണ്ടിലേറെയായി റെഡ് ചര്‍ച്ചിലെ ഇഫ്താര്‍ സംഗമം ആരംഭിച്ചിട്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ സംസ്‌കാരത്തിന്റെ ശക്തമായ പങ്കുവെപ്പായി വിശേഷിപ്പിച്ചു.
ഇഫ്താര്‍ വിരുന്നിനൊപ്പം പള്ളിമുറ്റത്ത് നമസ്‌കാരവും നടന്നു. സംഗമത്തിന് ബനാറസ് മുഫ്തി മൗലാന അബ്ദുല്‍ ബാത്തിന്‍ നൊമാനി സന്നിഹിതനായിരുന്നു. ബിഷപ്പ് യൂജിന്‍ ജോസഫ് പരിപാടിക്ക് നേതൃത്വം നല്‍കി.
വാരണാസിയുടെ സംസ്‌കാരം എപ്പോഴും ഐക്യത്തിന്റെയും സ്‌നേഹത്തിന്റേതുമാണ്. ഈ നഗരം എപ്പോഴും സാഹോദര്യത്തിന്‍് സന്ദേശം വഹിച്ചുകൊണ്ടിരുന്നു. ഇന്നത്തെ പരിപാടി ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സഹോദരങ്ങള്‍ തങ്ങളുടെ നോമ്പ് തുറക്കാന്‍ റെഡ് ചര്‍ച്ചിന്റെ മുറ്റത്ത് ഒത്തുകൂടി എന്നത് അഭിമാനകരമാണ്. ഈ വിശുദ്ധ റമദാന്‍ നമ്മെ ക്ഷമ, വിശ്വാസം, സ്‌നേഹം എന്നിവ പഠിപ്പിക്കുന്നു. ഈദ് പെരുന്നാള്‍ അതേ സന്തോഷത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കപ്പെടുമെന്നും മൗലാന ബാത്തിന്‍ പറഞ്ഞു.