മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ. കേസ് അന്വേഷണം വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.
നേരത്തെ ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറാമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ മദ്രാസ് ഐ.ഐ.ടി.യ്ക്കുമുന്നില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
2006 മുതല്‍ മദ്രാസ് ഐ.ഐ.ടി.യില്‍നടന്ന 14 മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് കേരള ഘടകം നേതാവ് സലീം മടവൂര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. മതപരമായ വിവേചനവും ചില അധ്യാപകരില്‍നിന്ന് മാനസികപീഡനവും ഫാത്തിമ നേരിട്ടിരുന്നുവെന്ന് സലീം മടവൂര്‍ ഹര്‍ജിയില്‍ പറഞ്ഞു.