തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനധികൃത സമ്പാദ്യത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്. തെലങ്കാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറി ശിവ ബാലകൃഷ്ണയുടെ വീട്ടിലെ റെയ്‍ഡിലാണ് വൻ സമ്പാദ്യം പിടിച്ചെടുത്തത്.നൂറ് കോടിയുടെ വസ്തുക്കളാണ് അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ ഇവിടെ നിന്ന് കണ്ടെടുത്തത്.
നൂറിലേറെ ഐ ഫോണുകൾ, കിലോക്കണക്കിന് സ്വർണം, ലക്ഷക്കണക്കിന് പണം, 60 ആഡംബര വാച്ചുകൾ, 40 ലക്ഷം രൂപ, ഐപാഡുകൾ, ബാങ്ക് – ഭൂസ്വത്ത് രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.ആകെ സ്വത്തിന്‍റെ മതിപ്പ് വില നൂറ് കോടിയോളം വരുമെന്ന് ആന്‍റി കറപ്ഷൻ ബ്യൂറോ വ്യക്തമാക്കി.
ഹൈദരാബാദ് മെട്രോപൊളിറ്റൻ അതോറിറ്റി പ്ലാനിംഗ് ഡയറക്ടർ ആയിരുന്നു ശിവ ബാലകൃഷ്ണ. റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് ഇദ്ദേഹത്തിന് പാരിതോഷികമായി കിട്ടിയതാണ് അനധികൃത സമ്പാദ്യമെന്ന് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പിടിച്ചെടുത്ത രേഖകളുടെയും വസ്തുക്കളുടെയും പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.