കോളിളക്കം സൃഷ്ട്ടിച്ച ശിവാജി നഗറിലെ ഐ.എം.എ നിക്ഷേപത്തട്ടിപ്പ് കേസിൽ പിടിയിലായത് സാക്ഷാൽ ബംഗളൂരു കളക്ടർ. ബംഗളൂരു കളക്ടറായ എ.ബി വിജയ് ശങ്കറാണ് അറസ്റ്റിലായത്. 2000 കോടി രൂപയിലേറെ പണവുമായി മുങ്ങിയ മൻസൂർ ഖാനിൽ നിന്നും 1.5 കോടി കൈക്കൂലിയായി ഈടാക്കിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) വിജയ് ശങ്കറെ അറസ്റ്റ് ചെയ്തത്.
നിക്ഷേപകരിൽ നിന്ന് 2000 കോടിയോളം സമാഹരിച്ച് മുങ്ങിയ മൻസൂർ ഖാനിന് അനുകൂലമായി റിപ്പോർട്ട് നൽകുകയും കൈക്കൂലിയായി 1.5 കോടിയോളം രൂപ വാങ്ങുകയും ചെയ്തു എന്നതാണ് ആരോപണം. ബംഗളുരു നഗരജില്ല നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ എൽ. സി നാഗരാജ് ഇതേ കേസിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിടിയിലായിരുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച് റിസർവ് ബാങ്ക് കഴിഞ്ഞവർഷം നൽകിയ മുന്നറിയിപ്പിനെ കുറിച്ച് കൃത്യമായി അന്വേഷിക്കാൻ സർക്കാർ നാഗരാജിനെ ചുമതലപ്പെടുത്തുകയും എന്നാൽ ഐ.എം.എക്ക് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കുകയും മൻസൂർ ഖാനിൽ നിന്ന് നാഗരാജ് 4 കോടി കൈക്കൂലിയായി വാങ്ങുകയും ചെയ്തിരുന്നു.
എസ്.ഐ.ടി സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയ് ശങ്കറിനും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായത്. തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിജയ് ശങ്കറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കോൺഗ്രസ് എം.എൽ.എ ആയിരുന്ന റോഷൻ ബെയ്ഗ് 400 കോടി രൂപവാങ്ങി കബളിപ്പിച്ചുവെന്നും അതിനാൽ താൻ ജീവനൊടുക്കുകയാണെന്നും കാണിച്ച് മൻസൂർ ശബ്ദ സന്ദേശം പ്രചരിപ്പിച്ചിരുന്നു, എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ മൻസൂർ വിദേശത്തേക്ക് കടന്നുവെന്ന് വ്യക്തമായിരുന്നു. വിദേശത്തേക്ക് കടന്ന മൻസൂറിനെ ഇനിയും പിടികൂടാനായിട്ടില്ല. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി കഴിഞ്ഞു.