'ഭാരത് ജോഡോ യാത്രയുടെ സ്വാധീനം, ജമ്മുകശ്മീർ വിഭജിച്ചതിനെതിരായ വിധി'; ലഡാക്ക്- കാര്‍ഗില്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോൺഗ്രസ്

ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഉജ്വല വിജയത്തിന് കാരണം ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അനുച്ഛേദം റദ്ദാക്കിയതിനും ജമ്മുകശ്മീർ വിഭജിച്ചതിനും എതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

‘ദേശീയ മാധ്യമങ്ങള്‍ ഒരു പക്ഷേ ഈ വാര്‍ത്ത കണ്ടില്ലെന്ന് വരാം. ബിജെപിയെ തുടച്ചുമാറ്റി ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭാരത് ജോഡോ യാത്രയുടെ നേരിട്ടുള്ള പ്രതിഫലനമാണിത്’- ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

കാർഗിൽ- ലഡാക്ക് സ്വയംഭരണ ഹിൽകൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം തകർപ്പൻ വിജയമാണ് നേടിയത്. 26 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 25 ഇടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാഷണൽ കോൺഫറൻസ് 12-ഉം കോൺഗ്രസ് ഒമ്പതും സീറ്റുകൾ നേടി. ബിജെപിക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്. രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Read more

95,388 വോട്ടര്‍മാരില്‍ 74,026 പേര്‍ വോട്ട് രേഖപ്പെടുത്തി. 30 അംഗ ലഡാക്ക് കാര്‍ഗില്‍ ഹില്‍ ഡവലമെന്റ് കൗണ്‍സിലില്‍ നാല് അംഗങ്ങള്‍ നോമിനേറ്റ് ചെയ്യുന്നവരാണ്. 2019ൽ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.