സഞ്ജീവ് ഭട്ട് കേസ്: ഒന്നര പതിറ്റാണ്ടിനിടയില്‍ ഗുജറാത്തില്‍ നടന്നത് 180 കസ്റ്റഡി മരണങ്ങള്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 30 വര്‍ഷം പഴക്കമുള്ള കേസില്‍ ജീവപര്യന്തം തടവിന് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ട ഗുജറാത്തില്‍, ഇക്കാലയളവില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

2001 മുതല്‍ 16 വര്‍ഷത്തിനിടെ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്തത് 180 കസ്റ്റഡി മരണങ്ങളാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ കസ്റ്റഡി മരണ കേസുകളിലൊന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

രാജ്യവ്യാപകമായുള്ള കണക്കു നോക്കുകയാണെങ്കില്‍ ഇക്കാലയളവിലുണ്ടായ 1557 കസ്റ്റഡി മരണങ്ങളില്‍ 26 പൊലീസുകാര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുള്ള കോടതി വിധി വന്ന സാഹചര്യത്തിലാണ് കസ്‌ററഡി മരണക്കണക്കുകളും തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയാകുന്നത്.

1990 നവംബറില്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെയാണ് കേസിനാസ്പദമായ വൈഷ്ണവി എന്നയാള്‍ കസ്‌ററഡിയില്‍ മരിക്കുന്നത്. ബി. ജെ. പി നേതാവ് എല്‍. കെ അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട് നടന്ന ഭാരത് ബന്ദിനിടെ കലാപം അഴിച്ചു വിട്ടതിന്റെ പേരില്‍ വൈഷ്ണവി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്‍മാരും കസ്റ്റഡിയിലെടുത്തിരുന്നു.

Read more

ഒമ്പതു ദിവസമാണ് വൈഷ്ണവി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തു ദിവസത്തിനുശേഷം അദ്ദേഹം മരിക്കുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോഡുകളിലുള്ളത്.