ഹരിദ്വാറിലെ കുംഭമേളയിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായിട്ടാണ് 1553 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ പദവിയിൽ ചുമതല നല്‍കിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുന്നത്. നിലവില്‍ 1053 പേരാണ് ഇവിടെ ജോലിയിലുള്ളത്.
ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവ വിതരണം ചെയ്തു. മുന്‍ വര്‍ഷങ്ങളിലും കുംഭമേളക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരെ ചുമതലപ്പെടുത്താറുണ്ടെങ്കിലും ആദ്യമായാണ് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.
കുംഭമേള ഐജി സജ്ഞയ് ഗുഞ്ചാലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിഖ് പ്രമുഖ് സുനില്‍ വ്യക്തമാക്കി. ഇത്തരമൊരു പദ്ധതിക്ക് രൂപീകരിച്ചതിന് പിന്നാലെ മുഴുവന്‍ ജില്ലയിലേയും ആര്‍എസ്എസ് നേതൃത്വത്തിന് വളണ്ടിയര്‍മാരുടെ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫിഷ്റ്റുകളായിട്ടാണ് ഇവര്‍ ഡ്യൂട്ടിയില്‍ ഉള്ളത്. പ്രധാനമായും ഹരിദ്വാര്‍ നഗരം, റെയില്‍വേസ്റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ചുമതല. ഓരോ ലൊക്കേഷനിലും കുറഞ്ഞത് ആറ് വളണ്ടിയര്‍മാരുണ്ടാവും.
കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒമ്പത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുംഭമേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനെ കുറിച്ച് ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.