മഹാരാഷ്ട്രയിൽ, മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാനുള്ള നിയമവിരുദ്ധ പ്രമേയം പാസാക്കി ഗ്രാമസഭ

ഗ്രാമത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവനത്തിന് അർഹതയുള്ളവരുടെ പുതുതായി പുറത്തിറക്കിയ പട്ടിക ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 22 ന്, അഹല്യാനഗറിലെ പത്താർഡി താലൂക്കിലെ മാധി ഗ്രാമത്തിൽ ഒരു പ്രത്യേക ഗ്രാമസഭാ യോഗം വിളിച്ചുചേർത്തു. മിക്ക ഗ്രാമീണരും ഗ്രാമസഭാംഗങ്ങളും ജോലിക്ക് പോകേണ്ടിവന്നതിനാൽ സന്നിഹിതരായിരുന്ന ചുരുക്കം ചിലർ മാത്രമാണ് അന്നത്തെ ദിവസത്തെ അജണ്ടയിൽ ഒപ്പുവച്ചത്.

ഈ ഒപ്പുകൾ പിന്നീട് മറ്റൊരു പ്രമേയത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടു. പുരാതന കനിഫ്‌നാഥ് ദേവാലയത്തിലെ വാർഷിക മാധി മേളയ്ക്കായി മുസ്‌ലിം വ്യാപാരികളെ “ബഹിഷ്‌കരിക്കാൻ” വേണ്ടിയായാണ് ആ ഒപ്പുകൾ ഉപയോഗിച്ചത്. മുമ്പ് അഹമ്മദ്‌നഗർ എന്ന് വിളിക്കപ്പെട്ടിരുന്ന അഹല്യാനഗറിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം നിരവധി നാടോടി സമൂഹങ്ങളുടെ ഒരു പ്രധാന ആരാധനാലയമാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി, തീവ്ര ഹിന്ദുത്വ സംഘടനകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനം അവിടെ രേഖപെടുത്തപ്പെട്ടിട്ടുണ്ട്.

വിവാദമായി പാസ്സാക്കിയ പ്രമേയം

ഗ്രാമസഭയുടെ തലവൻ സഞ്ജയ് മർകഡ് ആരംഭിച്ച ഈ നീക്കം ഗ്രാമത്തിൽ അസ്വസ്ഥതയ്ക്ക് കാരണമായി. ഇന്ത്യയിൽ ഒരു ഗ്രാമസഭ ഇത്തരമൊരു പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. പ്രമേയത്തിൽ ഒപ്പിട്ട നിരവധി വ്യക്തികൾ ഇപ്പോൾ മർകഡ് തങ്ങളുടെ ഒപ്പുകൾ അവരുടെ അറിവില്ലാതെ ഉപയോഗിച്ചതായി ആരോപിച്ചു. എന്നാൽ ചിലർ ഈ നീക്കത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്നും അവകാശപ്പെടുന്നു.

വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ, ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) ശിവാജി കാംബ്ലെയോട് വിഷയം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ഭവന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്നും ഒരു സമുദായത്തെ ബഹിഷ്‌കരിക്കുന്നത് ഒരിക്കലും അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും കാംബ്ലെ ദി വയറിനോട് പറഞ്ഞു.