അതിഷിക്കും എഎപിക്കും ആശ്വാസം; ബിജെപി നൽകിയ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി

ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് എതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് തള്ളി ഡൽഹി കോടതി. ഇഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് അതിഷിക്കെതിരെ ബിജെപി പരാതി നൽകിയത്. എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ഡൽഹി റോസ് അവന്യു കോടതി, അപകീർത്തിക്കേസ് തള്ളിക്കളഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ കോടതി ഉത്തരവ് വലിയ ആശ്വാസമാണ് എഎപിയ്ക്കും മുഖ്യമന്ത്രിയ്ക്കും നൽകുന്നത്. അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന അതിഷി, ‘തന്നെയും മറ്റ് എഎപി നേതാക്കളെയും ബിജെപിയുമായി ബന്ധമുള്ള വ്യക്തികൾ സമീപിച്ചിരുന്നു, പാർട്ടിയിൽ ചേരണമെന്നും അല്ലെങ്കിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ‘അറസ്റ്റ്’ ചെയ്യുമെന്നും അറിയിച്ചു’ എന്ന് പറഞ്ഞതെയിരുന്നു കേസിനാസ്പദമായ സംഭവം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി വോട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇത്. ഇതിനെതിരെ ബിജെപിയുടെ പ്രവീൺ ശങ്കർ കപൂറാണ് കോടതിയെ സമീപിച്ചത്. ബിജെപിയെയും ഇഡിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതായിരുന്നു പരാതി.