തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ആക്രമണം. തൂത്തുകൂടിയില്‍ ബിജെപി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിനെ കാറിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. തൂത്തുക്കൂടി ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ ബൈക്കില്‍ എത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.
തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ഉണ്ടായ ബോംബെറുകളില്‍ 15 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ എസ്ഡിപിഐ സേലം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടും. ഇവര്‍ക്കുമേല്‍ ദേശീയ സുരക്ഷ നിയമം ചുമത്തും.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നാണ് എന്‍ഐഎ പറയുന്നത്.
തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു.