ഉത്തർപ്രദേശിലെ സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ള ശക്തമായ ശ്രമത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 21 ചൊവ്വാഴ്ച വിവിധ സ്വയം സഹായസംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,000 കോടി രൂപ കൈമാറി. ഏകദേശം 16 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പെൺകുട്ടികൾക്ക് സഹായം നൽകുന്ന മുഖ്യമന്ത്രി കന്യാ സുമംഗല പദ്ധതിയുടെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 20 ലക്ഷം കോടി രൂപയും അദ്ദേഹം കൈമാറി.
2 ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ റാലിയിൽ പ്രധാനമന്ത്രി മോദി 202 സപ്ലിമെന്ററി ന്യൂട്രീഷൻ മാനുഫാക്ചറിംഗ് യൂണിറ്റുകളുടെ തറക്കല്ലിട്ടു. പ്രത്യേകിച്ച് താഴെത്തട്ടിൽ ഉള്ള സ്ത്രീകൾക്ക് ആവശ്യമായ വൈദഗ്ധ്യവും പ്രോത്സാഹനവും വിഭവങ്ങളും നൽകി അവരെ ശാക്തീകരിക്കുക എന്ന സർക്കാരിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ് റാലി നടത്തിയത് എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
“കുറച്ച് കാലം മുമ്പ് വരെ അക്കൗണ്ടുകൾ പോലുമില്ലാത്ത പെൺകുട്ടികളാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് അവർക്ക് ഡിജിറ്റൽ ബാങ്കിംഗിന്റെ ശക്തിയുണ്ട്. മുൻ സർക്കാരുകളെ അധികാരത്തിലേക്ക് തിരിച്ചുവരാൻ അനുവദിക്കില്ലെന്ന് യുപിയിലെ പെൺമക്കൾ തീരുമാനിച്ചു.” മുഖ്യമന്ത്രി കന്യാ സുമംഗല പദ്ധതിയെ കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
“പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ യുപിയിൽ 30 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു. ഏകദേശം 25 ലക്ഷം വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലമുറകളായി സ്ത്രീകൾക്ക് ഇവിടെ സ്വത്തൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുഴുവൻ വീടും അവരുടെ ഉടമസ്ഥതയിലാണ്. ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.