ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ഡല്‍ഹി പൊലീസ്

ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത് ഡല്‍ഹി പൊലീസ് . കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ജോഡോ യാത്ര ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായതായി കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

ജനുവരി മൂന്നിനാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ഡല്‍ഹിയില്‍ പര്യടനം ആരംഭിക്കുന്നത്. യാത്രക്ക് മുന്നോടിയായി സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തി.

ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ അനില്‍ ചൗധരി പങ്കെടുത്തു. യാത്രയില്‍ രാഹുല്‍ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Read more

അതേസമയം, യാത്രക്കിടെ രാഹുല്‍ ഗാന്ധി സുരക്ഷഭേദിച്ചെന്ന കേന്ദ്രത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ബുള്ളറ്റ് പ്രൂഫ് കാറില്‍ യാത്ര നടത്താന്‍ സാധ്യമല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. സുരക്ഷ ഒരുക്കുന്നതില്‍ ഡല്‍ഹി പൊലീസ് പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തില്‍ കെ.സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. രാഹുല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് സുരക്ഷ വീഴ്ച ഉണ്ടാകാന്‍ കാരണമെന്നാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം.