Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്രരും ബിജെപിയെ കൈയൊഴിഞ്ഞു; യെദ്യൂരപ്പയ്‌ക്കൊപ്പം പോയ രണ്ടാം സ്വതന്ത്രനും കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പില്‍; അന്ധാളിപ്പില്‍ ബിജെപി

, 9:39 pm

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്രരും ബിജെപിയെ കൈയൊഴിഞ്ഞു. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മുല്‍ബഗല്‍ എംഎല്‍എ എച്ച് നാഗേഷ് കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പിലെത്തി. രാവിലെ യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തിയ സ്വതന്ത്രന്‍ ആര്‍ ശങ്കര്‍ വൈകുന്നേരത്തോടെ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് നാഗേഷും രംഗത്തെത്തിയത്.

കോലാര്‍ ജില്ലയിലെ മുല്‍ബഗല്‍ മണ്ഡലത്തില്‍ നിന്നാണ് എച്ച് നാഗേഷ് മത്സരിച്ചത്. ഇവിടെ തങ്ങളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെയാണ് നാഗേഷ് മത്സരിച്ചത്. നാഗേഷ് ആദ്യം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ബിജെപി പാളയത്തിലെത്തി. രാത്രിയോടെയാണ് നാഗേഷ് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

മന്ത്രിയാക്കുമെന്നുള്ള വാഗ്ദാനം സ്വീകരിച്ച് ബിജെപിക്കൊപ്പം പോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ അദ്ദേഹം തന്റെ പിന്തുണ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനാണെന്നും വ്യക്തമാക്കി. നാളെത്തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന ബിജെപി തീരുമാനത്തിന് സ്വതന്ത്രരുടെ പിന്‍വാങ്ങലോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ബിജെപി ക്യാമ്പ്.

കര്‍ണാടകയില്‍ നിമിഷങ്ങള്‍ കൊണ്ടു കളം മാറുന്ന രാഷ്ട്രീയക്കളി തുടരുകയാണ്. ഇന്ന് രാവിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര്‍ ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു.

മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ കൃഷ്ണപ്പ ഭീമപ്പ കോളിവാദിനെ 4388 വോട്ടുകള്‍ക്കാണ് ശങ്കര്‍ പരാജയപ്പെടുത്തിയത്. ഇന്ന് രാവിലെ യെദ്യൂരപ്പയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ശങ്കര്‍ വൈകുന്നേരം, കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു.

കര്‍ണാടകയില്‍ ഭൂരിപക്ഷം പിടിക്കാനായി ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണ്. ബയ്യാപൂരില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമരെഗൗഡയ്ക്ക ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സമീപിച്ചിരുന്നതായി അമരെഗൗഡ വെളിപ്പെടുത്തി. എന്നാല്‍ ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നും ഇവിടെ തന്നെ ഉറച്ചു നില്‍ക്കുമെന്നും എച്ച് ഡി കുമാരസ്വാമിയാണ് മുഖ്യമന്ത്രിയെന്നും താന്‍ മറുപടി കൊടുത്തതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടക നിയമസഭയില്‍ ആകെയുള്ള 224 സീറ്റില്‍ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 സീറ്റുകള്‍ ബിജെപിയും, 78 സീറ്റുകള്‍ കോണ്‍ഗ്രസും, 37 സീറ്റുകള്‍ ജെഡിഎസും നേടിയപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

Advertisement