'ഇന്ത്യ' കൺവീനർ സ്ഥാനത്തേക്ക് ആരെത്തും? നിതീഷ് ഇല്ല, ഖർഗെ വരട്ടെയെന്ന് ജെഡിയു

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജിഎപിയെ നേരിടുന്നതിനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ചതാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന ഇന്ത്യ സഖ്യം. ഇപ്പോൾ സഖ്യത്തിന്റെ കൺവീനർ സ്ഥാനത്തേക്ക് ആര് കടന്നുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിവിധ പാർട്ടികളേയും നേതാക്കളേയും പരിഗണിക്കുന്നുവെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല.

26 പാര്‍ട്ടികളുള്ള ‘ഇന്ത്യ’ സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഉറ്റുനോക്കുന്നത്. ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേരാണ് ഇതിനിടെ ഉയർന്ന് കേട്ടത്.ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ അദ്ദേഹത്തിൻന്റെ പേര് പരസ്യമായി നിർദേശിച്ചിരുന്നു.

എന്നാൽ ഈ ആവശ്യം ജെഡിയു നിഷേധിച്ചു.പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യുടെ കൺവീനർ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ഇപ്പോൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൺവീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിട്ടുണ്ട്.

ഖർഗെ അല്ലെങ്കിൽ മറ്റൊരു കോൺഗ്രസ് നേതാവ് ആകട്ടെയെന്നും ജെഡിയു അറിയിച്ചു.മുംബൈയില്‍ അടുത്ത യോഗം ഈ മാസം 31 ന് ചേരാനിരിക്കെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്.

യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ സീറ്റ് വിഭജനവും പുതിയ പാർട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചർച്ചകൾ ഉണ്ടാകും. യോഗത്തിൽ നിർണായക പ്രഖ്യാപനം വരുമെന്ന് എം കെ സ്റ്റാലിനും നേരത്തെ പറഞ്ഞിരുന്നു.