ജഗ്‌ദീപ് ധൻകറിനെ നീക്കാൻ വീണ്ടും പ്രമേയവുമായി ഇന്ത്യാസഖ്യം; രാജ്യസഭാ അധ്യക്ഷനും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെ നീക്കാൻ വീണ്ടും പ്രമേയവുമായി ഇന്ത്യാസഖ്യം. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നോട്ടീസ് നൽകാനാണ് ആലോചന. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപേ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ മറികടക്കാനാണിത്. രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ ഭരണപക്ഷമായ ബിജെപി അനുകൂല തീരുമാനങ്ങൾ എടുക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം.

പാർലമെന്റിൽ രാജ്യസഭാ അധ്യക്ഷനും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ജഗദീപ് ധൻകറിനെ പദവിയിൽ നിന്ന് നീക്കാൻ ഇന്ത്യാസഖ്യം ഇറങ്ങിയിരുന്നു. വർഷകാല സമ്മേളനത്തിൽ തീരുമാനമെടുത്തത് അവസാന ദിവസങ്ങളിൽ ആയതിനാൽ നോട്ടീസ് നൽകൽ നടന്നില്ല. ശീതകാല സമ്മേളനത്തിൽ നോട്ടീസ് നൽകിയെങ്കിലും പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപേ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തള്ളി. ഇതു മറികടക്കാൻ ബജറ്റ് സമ്മേളനത്തിന്റെ ആദ്യത്തിൽ തന്നെ നോട്ടീസ് നൽകാനാണ് ഇന്ത്യാ സഖ്യത്തിന്റെ ഒരുക്കം.

രാജ്യസഭാ അധ്യക്ഷൻ അനാവശ്യമായി സംസാരിച്ച് എംപിമാർ വിഷയം അവതരിപ്പിക്കുന്നതിന്റെ ഒഴുക്കും സമയവും നഷ്ടപ്പെടുത്തുന്നു എന്ന പരാതിയും പ്രതിപക്ഷത്തിനുണ്ട്. ഡെപ്യൂട്ടി ചെയർമാൻ തള്ളാനുള്ള എല്ലാ പഴുതുമടച്ച് നോട്ടീസ് നൽകി പ്രമേയത്തിന് അനുമതി ലഭിച്ചാലും കേവല ഭൂരിപക്ഷത്തോടെ പാസാക്കാനുള്ള അംഗബലം പ്രതിപക്ഷത്തിന് ഇല്ല.