ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണം; ഔദ്യോഗിക വിനോദ പരിപാടികള്‍ റദ്ദാക്കണം; മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാകില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളോടുള്ള മാര്‍പാപ്പയുടെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുകമ്പയുടെയും എളിമയുടെയും ആത്മീയ ശക്തിയുടെയും വെളിച്ചമാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

”വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്. വേദനയുടെയും സ്മരണകളുടെയും ഈ വേളയില്‍, ആഗോള കത്തോലിക്കാസമൂഹത്തെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങള്‍ കാരുണ്യത്തിന്റെയും എളിമയുടെയും ആത്മീയശക്തിയുടെയും വെളിച്ചമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ എല്ലായ്‌പോഴും സ്മരിക്കും. ചെറുപ്പംമുതല്‍, കര്‍ത്താവായ യേശുക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവര്‍ക്കായി അദ്ദേഹം പ്രത്യാശയുടെ ചൈതന്യത്തിനു തിരിതെളിച്ചു.

അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകള്‍ ഞാന്‍ സ്‌നേഹപൂര്‍വം ഓര്‍ക്കുന്നു. സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയില്‍നിന്നു ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടു. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം എല്ലായ്‌പോഴും സ്‌നേഹപൂര്‍വം സ്മരിക്കപ്പെടും. ദൈവത്തിന്റെ ആലിംഗനത്താല്‍ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.”