ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിൻ്റെ പേരിലാണ് നടപടി. ഈ ചാനലുകൾക്ക് ആകെ 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ടായിരുന്നു.
നിരോധിച്ച പ്ലാറ്റ്‌ഫോമുകളിൽ ജിയോ ന്യൂസ്, ഡോൺ, റാഫ്തർ, ബോൾ ന്യൂസ്, എആർവൈ ന്യൂസ്, സമ ടിവി, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ വാർത്താ ഏജൻസികളുടെ യൂട്യൂബ് ചാനലുകളും ഉൾപ്പെടുന്നു. കൂടാതെ, മുനീബ് ഫാറൂഖ്, ഉമർ ചീമ, അസ്മ ഷിറാസി, ഇർഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഉസൈർ ക്രിക്കറ്റ്, ദി പാകിസ്ഥാൻ റഫറൻസ്, റാസി നാമ, സമ സ്പോർട്സ് എന്നിവയാണ് മറ്റ് നിരോധിത അക്കൗണ്ടുകൾ.
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്.