വ്യവസായ ഭീമന്‍ അദാനിക്കെതിരായ നീക്കത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇന്‍ഡ്യ സഖ്യകക്ഷികള്‍. അദാനിക്കെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ഉയര്‍ത്തുന്നതില്‍ നിന്നും മുന്നണിയിലെ സഖ്യകക്ഷികള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. ഇതോടെ നിലവിലെ അജണ്ടകള്‍ മാറ്റിവെച്ച് അദാനിയുടെ അഴിമതി ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിന്മാറി.
മറ്റ് അജണ്ടകള്‍ മാറ്റിവെച്ച് അദാനി വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ മാത്രമാണുണ്ടായിരുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഒന്നാം ദിവസംതന്നെ ഇന്‍ഡ്യസഖ്യത്തിലെ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദാനി വിഷയം ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ഇതുന്നയിച്ച് സഭ സ്തംഭിപ്പിക്കുന്നതിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ റബര്‍ സ്റ്റാമ്പ് ആകാന്‍ തങ്ങളില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. പാര്‍ലമെന്റില്‍ അഴിമതിയേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെയും പിന്തുണയ്ക്കാന്‍ തങ്ങളില്ലെന്ന് ടിഎംസി നിലപാട് എടുത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്റ് നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എങ്കിലേ പശ്ചിമബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനാകൂവെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് നിലപാട് എടുത്തിരിക്കുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ സഖ്യത്തില്‍ ഒരുമിച്ചുണ്ടെങ്കിലും ടിഎംസിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയല്ല കോണ്‍ഗ്രസ്. അതിനാല്‍തന്നെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗീകരിക്കേണ്ടതില്ലെന്നാണ് മമത ബാനര്‍ജി മുന്നോട്ടുവെക്കുന്ന നിലപാട്.
ലോക്സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും ടി.എം.സിയും കോണ്‍ഗ്രസും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ ആറു സീറ്റുകളും ലോക്സഭയിലേക്കുള്ള പോരാട്ടത്തില്‍ 40-ല്‍ 29 മണ്ഡലങ്ങളിലും ടിഎംസിയായിരുന്നു ജയിച്ചത്. ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം.
സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷികളായ സമാജ്‌വാദി പാര്‍ട്ടി ആദ്യദിനം മുതല്‍ തിങ്കളാഴ്ച വരെയും ഇരുസഭകളും സ്തംഭിപ്പിക്കാന്‍ ഇറങ്ങിയതും നോട്ടീസ് നല്‍കിയതും സംഭല്‍ വര്‍ഗീയ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു.
മുസ്‌ലിം ലീഗിന്റെ നോട്ടീസും ആദ്യ ദിവസം തൊട്ട് സംഭലിനായിരുന്നു. ഡിഎംകെ നേതാക്കള്‍ അദാനി വിഷയത്തില്‍ അടിയന്തര നോട്ടീസ് നല്‍കാതെ ദിവസവും മണിപ്പുര്‍ കലാപത്തില്‍ മാത്രമാണ് നോട്ടീസ് നല്‍കിയത്.ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിലാകുകയും അദാനി വിഷയത്തില്‍ നിന്നും പിന്‍വലിയുകയുമായിരുന്നു.
ഇന്നു മുതല്‍ പാര്‍ലമെന്റ് നടത്തിപ്പുമായി സഹകരിക്കാമെന്ന് ഇന്നലെ ഉച്ചക്ക് ഒന്നിന് സ്പീക്കര്‍ ഓം ബിര്‍ല വിളിച്ചുചേര്‍ത്ത സഭാനേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. ഇന്‍ഡ്യ നേതാക്കളായ കെ.സി. വേണുഗോപാല്‍, ഗൗരവ് ഗോഗോയ്, ധര്‍മേന്ദ്ര യാദവ്, സുദീപ് ബന്ദോപാധ്യായ, ടി.ആര്‍. ബാലു തുടങ്ങിയവര്‍ രാവിലെ സ്പീക്കറെ കണ്ട് ഭരണഘടനാ ചര്‍ച്ചക്ക് തിയതി പ്രഖ്യാപിച്ചാല്‍ സഭാ നടത്തിപ്പുമായി സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സര്‍ക്കാറും പ്രതിപക്ഷവും നടത്തിയ ചര്‍ച്ചയില്‍ 13, 14 തീയതികളില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. ഇതിനു ശേഷം സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സഭാ നേതാക്കളുടെ യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു തീയതി പ്രഖ്യാപിച്ചതോടെയാണ് ഭരണ – പ്രതിപക്ഷ നേതാക്കള്‍ സഭാ സ്തംഭനം നീക്കാന്‍ സമവായത്തിലെത്തിയത്.