ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി മഹാവികാസ് അഘാഡി സഖ്യം വാങ്ങുമ്പോള്‍ ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് ആശ്വാസം. ജാര്‍ഖണ്ടില്‍ 81 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ 50 സീറ്റില്‍ ലീഡ് വര്‍ധിപ്പിച്ച് ജാര്‍ഖണ്ട് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് സഖ്യം മുന്നേറുകയാണ്. ബിജെപി മുന്നണി 30 സീറ്റുകളില്‍ മല്‍സരം കടുപ്പിക്കുന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം 81 സീറ്റുകളുള്ള നിയമസഭയില്‍ 29 ഇടത്താണ് മുന്നേറുന്നത്. 41 നിയമസഭാ സീറ്റുകളിലാണ് ജാര്‍ഖണ്ട് മുക്തി മോര്‍ച്ച മത്സരിച്ചത്. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസ് 30 സീറ്റുകളിലും രാഷ്ട്രീയ ജനതാദള്‍ അഥവാ ആര്‍ജെഡി 6 സീറ്റുകളിലുമാണ് മല്‍സരിച്ചത്. കോണ്‍ഗ്രസ് 14 സീറ്റുകളിലും ആര്‍ജെഡി അഞ്ച് സീറ്റുകളിലും മുന്നേറുന്നു. 4 സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ-ലെനിനിസ്റ്റ്) മല്‍സരിച്ചിരുന്നു. ഇവര്‍ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

ബിജെപി 68 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ സഖ്യകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്യു) 10 ഇടത്തും ജനതാദള്‍ (യുണൈറ്റഡ്) രണ്ടിടത്തും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു. 30 സീറ്റുകളില്‍ സഖ്യം മുന്നേറുന്നു. 27 സീറ്റുകളിലാണ് ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നത്.