കെ സഹദേവന്‍
ആയിരക്കണക്കിന് ട്രാക്ടര്‍ ട്രോളികളുടെ അകമ്പടിയോടെ ശംഭു ബോര്‍ഡറില്‍ നിന്നും ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് വഴി നീളെ കൂര്‍ത്ത ഇരുമ്പാണികള്‍ വിരിച്ചും സിമന്റ് ബ്ലോക്കുകള്‍ കൊണ്ട് വഴിയടച്ചും ഡ്രോണുകള്‍ വഴി ആകാശത്തു നിന്ന് കര്‍ഷകരുടെ മേല്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ വര്‍ഷിച്ചും പോലീസ് സേനയെ ഉപയോഗിച്ച് റബ്ബര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തു മായിരുന്നു.
കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന അതേ ദിവസം തന്നെ പ്രധാനമന്ത്രി (‘ജനറല്‍ കായര്‍ ‘ (ഭീരു) എന്ന് കര്‍ഷകര്‍) ദുബൈയിലേക്ക് വിമാനം കയറുകയുണ്ടായി.
സര്‍ക്കാര്‍ സൃഷ്ടിച്ച മാര്‍ഗ്ഗ തടസ്സങ്ങള്‍ ഓരോന്നായി പിഴുതുമാറ്റിക്കൊണ്ട് കര്‍ഷകര്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ആഴ്ചകളോളം കഴിയാനുള്ള ഭക്ഷ്യവസ്തുക്കളുമായിത്തന്നെയാണ് ഇത്തവണയും കര്‍ഷകര്‍ ദില്ലിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അണിചേര്‍ന്നുകൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ നിന്നുള്ള കര്‍ഷകരെ ഭോപ്പാലില്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് അവര്‍ റോഡില്‍ പ്രതിഷേധ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.
മുന്‍കാലത്തെന്ന പോലെ കര്‍ഷക പ്രക്ഷോഭത്തെ താറടിച്ചു കാണിക്കുവാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംഘപരിവാരങ്ങളും ആരംഭിച്ചു കഴിഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ആദിഷ് അഗര്‍വാള്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നതിനെതിരെ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇന്ന് രാവിലെ കത്തെഴുതുകയുണ്ടായി.
ഗോദി മീഡിയകള്‍ ദില്ലി നിവാസികളുടെ ദുരിത കഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദില്ലിയിലെ ഭാവന സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ആം ആദ്മി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
”ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരുടെ നേര്‍ക്ക് സര്‍ക്കാര്‍ പ്രശ്നമുണ്ടാക്കിയാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് വളരെ അകലെയല്ലെന്ന് മാത്രം മനസ്സിലാക്കുക…ഞങ്ങളുടെ പിന്തുണ അവരോടൊപ്പമുണ്ട്’. എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികൈത് പറഞ്ഞു. ഒന്നാം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നേടിയെടുത്തു മാത്രമേ തിരിച്ചു പോക്ക് ഉള്ളൂ എന്ന് കര്‍ഷക നേതാവ് സര്‍വണ്‍ സിംഗ് പന്ഥേര്‍ പ്രഖ്യാപിച്ചു.
ഇന്നത്തെ ദില്ലി ജോക്ക്:
കര്‍ഷകര്‍ ചൈനീസ് പട്ടാളത്തിന്റെ യൂണിഫോമില്‍ മാര്‍ച്ച് ചെയ്തിരുന്നെങ്കില്‍ ‘ജനറല്‍ കായര്‍’ കയ്യും കെട്ടി നോക്കി നിന്നേനെയെന്ന് ദില്ലി നിവാസികള്‍.
കര്‍ഷകരെ നേരിടാന്‍ വിന്യസിച്ച സന്നാഹങ്ങളും ഇന്ത്യയുടെ ഭൂപരിധിയിലേക്ക് ചൈനീസ് പട്ടാളം നുഴഞ്ഞു കയറിയതും ബന്ധപ്പെടുത്തിയാണ് ഈ കമന്റ്.