വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

വഖഫ് നിയമഭേദഗതി ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി. ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ ഇന്ത്യ മുന്നണി ഐക്യകണ്‌ഠേന എതിര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തിലാണ് തീരുമാനം. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗംചേര്‍ന്നത്.

രാഹുല്‍ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ്, സിപിഐ എംപി സന്തോഷ് കുമാര്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ എല്ലാം തീരുമാനിച്ചുവെന്നാണ് വിവരം. നേരത്തെ എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസിനായി വിട്ടുനിന്ന സിപിഎം എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഡല്‍ഹിയിലെത്തി.

മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം എംപിമാര്‍ വിട്ടുനില്‍ക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് എംപിമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

Read more

ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നുമാണ് എംപിമാര്‍ക്ക് സിപിഎം നല്‍കിയ നിര്‍ദ്ദേശം. അതിനുശേഷം മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നും നേതൃത്വം അറിയിച്ചു. ഇതേ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയിലെത്തിയ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.