'ഇന്ത്യയെന്നാൽ ബ്രിജ് ഭൂഷണല്ല, രാജ്യം എനിക്കൊപ്പം'; പ്രതികരിച്ച് വിനേഷ് ഫോഗട്ട്

ബിജെപി നേതാവ് ബ്രിജ് ഭൂഷന്റെ ആരോപണത്തിൽ പ്രതികരണവുമായി ഗുസ്തിതാരവും ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിനേഷ് ഫോഗട്ട്. ഇന്ത്യയെന്നാൽ ബ്രിജ് ഭൂഷണല്ല. രാജ്യത്തെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുന്നു, മെഡൽ കിട്ടാത്തതിൻ്റെ വേദന ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കുറഞ്ഞിരുന്നു വെന്നും ഫോഗട്ട് പറഞ്ഞു.

“ഗുസ്തിയിൽ എനിക്കുണ്ടായ നേട്ടങ്ങളെല്ലാം ജനങ്ങൾ കാരണമാണ്. ഈ തിരഞ്ഞെടുപ്പിലും ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജന്തർ മന്തറിലെ ഗുസ്തിക്കാരുടെ സമരത്തെ കുറിച്ച് പിന്നീട് പറയാം, ഇന്ത്യയെന്നാൽ ബ്രിജ് ഭൂഷണല്ല. എൻ്റെ രാജ്യത്തെ ജനങ്ങൾ എൻ്റെ കൂടെ നിൽക്കുന്നു, ഞാൻ ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ മെഡൽ കിട്ടാത്തതിൻ്റെ വേദന കുറഞ്ഞിരുന്നു’- ഫോഗട്ട് പറഞ്ഞു.

ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വിനേഷ് ഫോഗട്ടിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിജ് ഭൂഷൺ വിമർശനവുമായി എത്തിയത്. ദൈവം നല്‍കിയ തിരിച്ചടിയാണ് ഒളിമ്പിക്‌സിലെ വിനേഷ് ഫോഗട്ടിന്റെ സ്വര്‍ണമെഡല്‍ നഷ്ടമെന്നാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്. ഒരേ ദിവസം ഒളിമ്പിക്സിനായി രണ്ട് വ്യത്യസ്ത വെയ്റ്റ് വിഭാഗങ്ങളില്‍ മല്‍സരിക്കാന്‍ പരീക്ഷിച്ച് വിനേഷ് ഫോഗട്ട് നിയമങ്ങള്‍ ലംഘിച്ചുവെന്ന് കൂടി മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചീഫ് ആരോപിച്ചിരുന്നു.

ഏതൊരു ചെറിയ ബിജെപി സ്ഥാനാര്‍ത്ഥി നിന്നാലും വിനേഷിനെ തോല്‍പ്പിക്കാനാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയാറാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും നടത്തിയ സമരങ്ങളും കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഗുസ്തിയിലെ മുന്നേറ്റത്തിലൂടെ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും ബിജെപി നേതാവ് പറഞ്ഞു.