മോദി ഭരണകാലത്ത് കന്നുകാലി ഇറച്ചിയില്‍ റെക്കോര്‍ഡ് കയറ്റുമതി; രാജ്യത്തിന് കരുത്തായി 400 കോടി ഡോളറിന്റെ കച്ചവടം; എന്നിട്ടും ലോകറാങ്കിങ്ങില്‍ പിന്നോട്ടിറങ്ങി ഇന്ത്യ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പിന്നോട്ടിറക്കം. രാജ്യത്തു നിന്നും ഏറ്റവും കൂടുതല്‍ ബീഫ് കയറ്റി അയച്ചിട്ടും ലോക റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്കാണ് ഇറങ്ങിയത്.
യുഎസ്ഡിഎ (യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപാര്‍ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍) ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. യുഎസ്ഡിഎ റാങ്കിംങ് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. രണ്ടും മൂന്നും സ്ഥാനത്ത് ഓസ്‌ട്രേലിയയും അമേരിക്കയുമാണ്. നേരത്തെ നാലം സ്ഥാനത്തായിരുന്നു അമേരിക്ക. യുഎസ് ബീഫ് കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഇന്ത്യയുടെ മൂന്നാം സ്ഥാനം നഷ്ടമായത്.

2020 ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീല്‍, ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇന്ത്യ, അര്‍ജന്റീന, ന്യൂസിലാന്റ്, കാനഡ എന്നീ ഏഴ് രാജ്യങ്ങള്‍ 2020 ല്‍ ഒരു ബില്യണ്‍ പൗണ്ടിലധികം ബീഫ് കയറ്റുമതി ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022-ല്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ക്കാസ് വെയ്റ്റ് ഇക്വിവലന്റ് (സി.ഡബ്ല്യൂ.ഇ) ബീഫ് കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തൊട്ടാകെയുള്ള മൊത്തം ബീഫ് കയറ്റുമതി 10.95 ദശലക്ഷം ടണ്‍ ആണെന്നും ഇത് 2026 ആകുമ്പോഴേക്കും 12.43 ദശലക്ഷം ടണ്‍ ആയി ഉയരുമെന്നും ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോര്‍പറേഷനും സംയുക്തമായി പുറത്തുവിട്ട 2017 ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് ഏറ്റവും അധികം കന്നുകാലി ഇറച്ചി കയറ്റുമതി കയറ്റുമതി ചെയ്തത് നരേന്ദ്ര മോദിയുടെ ഭരണകാലത്താണെന്ന് അഗ്രിക്കള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു.

മോദി ഭരണം ആരംഭിച്ച 2014 മുതലാണ് രാജ്യത്ത് ബീഫ് കയറ്റുമതിയുടെ കാര്യത്തില്‍ വളര്‍ച്ച ആരംഭിച്ചത്. 2013-14 സാമ്പത്തിക വര്‍ഷം 13,65,643 മെട്രിക്ക് ടണ്‍ ബീഫാണ് രാജ്യത്തുനിന്നും കയറ്റുമതി ചെയ്തത്. 2014-15ല്‍ 14,75,540 മെട്രിക്ക് ടണ്‍ ബീഫും കയറ്റുമതി ചെയ്തു. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2016-17 വര്‍ഷം കയറ്റുമതിയില്‍ 1,2 ശതമാനം വര്‍ദ്ധനവുണ്ടായി. 2017-18ല്‍ 1.3 ശതമാനം വര്‍ദ്ധനവുണ്ടായി. ഒരു വര്‍ഷം 400 കോടി ഡോളറിന്റെ ബീഫാണ് രാജ്യത്തുനിന്നും വിദേശത്തെത്തുന്നത്.