മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ പാളുന്നു; ഇന്റര്‍നെറ്റ് സ്പീഡില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍

രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പാളുന്നു. ലോകത്തിലാകമാനമുള്ള കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്. ഈ വര്‍ഷം ആരംഭത്തില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഡൗണ്‍ലോര്‍ഡ്‌ വേഗത 7.65 എംബിപിഎസ് ആയിരുന്നു. നവംബറില്‍ ഇത് 8.80 എംബിപിഎസ് ആണ്. ഇതിൽ കേവലം 15 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്.

ഇന്റര്‍നെറ്റ് വേഗതയില്‍ ഒന്നാം സ്ഥാനത്തുള്ള നോര്‍വെയുടെ ഇന്റര്‍നെറ്റ് വേഗത 62.66 എംബിപിഎസ് ആണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ 153.85 എംബിപിഎസ വേഗത്തോടെ സിങ്കപ്പൂരാണ് മുന്നില്‍. ഇന്ത്യയുടെ ബ്രോഡ്ബാന്‍ഡ് വേഗതയാകട്ടെ കേവലം 18.82 എംബിപിഎസ മാത്രം. ഇന്റര്‍നെറ്റ് വേഗതയില്‍ നേപ്പാളിനും, ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ.

2015 ല്‍ മോഡി സര്‍ക്കാര്‍  ഏറെ കൊട്ടിഘോഷിച്ച് ആവിഷ്കരിച്ച  പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. ഈ പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് സൗകര്യവും, ഡിജിറ്റല്‍ സാക്ഷരതയും വര്‍ധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പദ്ധതി നടപ്പില്‍ വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ മേഖലയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.