2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ. പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ മാത്രമാണ്. ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയില്‍ ദിവസവും 52 പേര്‍ മരിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2.6 ലക്ഷം സ്ത്രീകളാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം 2023ല്‍ ആഗോളതലത്തില്‍ മരിച്ചത്. ഓരോ രണ്ട് മിനിറ്റിലും ഒരു മാതൃമരണം ലോകത്ത് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2023-ല്‍ ആകെ 19,000 പേര്‍ക്കാണ് ഇന്ത്യയില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം ജീവന്‍ നഷ്ടമായത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ 75,000 മാതൃമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ റിപ്പബ്ലിക് ഓഫ് കോംഗോ ആണ്.
19,000 മരണങ്ങളാണ് റിപ്പബ്ലിക് ഓഫ് കോംഗോയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം അയല്‍രാജ്യമായ പാകിസ്ഥാന്‍ പട്ടികയില്‍ ഇന്ത്യയേക്കാള്‍ പിറകിലാണ്. പാകിസ്താനിലെ കണക്കുകള്‍ പ്രകാരം 11,000 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആഗോള മാതൃമരണ നിരക്കിന്റെ 47 ശതമാനവും ഈ നാല് രാജ്യങ്ങളില്‍ നിന്നാണ്.
Read more
അതേസമയം 2000ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ മാതൃമരണ നിരക്കില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം പ്രസവങ്ങളില്‍ മാതൃമരണങ്ങളുടെ എണ്ണം 2000ല്‍ 362 ആയിരുന്നുവെങ്കില്‍ 2023ല്‍ അത് 80 ആയി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.