രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ച് ഉയര്‍ന്നതോടെ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ 12,193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാള്‍ 4 ശതമാനം കൂടുതലാണ്.
42 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 67,556 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5,31,300 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.66 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. രാജ്യത്തുടനീളം ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു.
രോഗബാധ സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്ന് കേന്ദ്രം പറഞ്ഞു. കേരളത്തിന് പുറമെ, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്. മാര്‍ച്ച് മുതല്‍ രാജ്യത്ത് കോവിഡ് തോത് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രോഗബാധ നിരക്ക് ഈ ആഴ്ച 5.5 ആണ്. കഴിഞ്ഞ ആഴ്ച ഇത് 4.7 ആയിരുന്നു.