അങ്ങനെയൊരുറപ്പില്ല; തീരുവ കുറക്കാൻ സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുന്നതിൽ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് ദിവസങ്ങൾക്കകമാണ് ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാളാണ് ഈ വിവരം വിദേശകാര്യ പാർലമെന്ററി കമ്മിറ്റി പാനലിനെ അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ച് ഉന്നയിക്കുന്ന വിഷയം പരിഹരിക്കാൻ സെപ്റ്റംബർ വരെ സർക്കാർ സമയം തേടിയിട്ടുണ്ടെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു.

ഇന്ത്യയും യുഎസും പരസ്പരം പ്രയോജനകരമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി പ്രവർത്തിക്കുന്നുണ്ട്. താരിഫ് ക്രമീകരണങ്ങൾ തേടുന്നതിനുപകരം ദീർഘകാല വ്യാപാര സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും സുനിൽ ബർത്ത്‌വാൾ വ്യക്തമാക്കി.

ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ അമേരിക്കയിൽ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാൽ ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല. തീരുവയിനത്തിൽ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ഇന്ത്യയിപ്പോൾ താരിഫ് കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിൽ വെച്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

Read more

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് ജയ്റാം രമേശ് പറഞ്ഞിരുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ വ്യാപാര നയം വിനാശകരമാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശിച്ചിരുന്നു. ‘മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു മാസത്തെ യുഎസ് താരിഫ് താത്ക്കാലികമായി നിർത്തിവെയ്ക്കാൻ സാധിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് മാത്രം ഈ വിഷയം ചർച്ച ചെയ്യാൻ കഴിയുന്നില്ല? പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്ന’തെന്നും പവൻ ഖേര ചോദിച്ചിരുന്നു.