ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് നല്‍കിയ തിരിച്ചടി മറികടക്കുന്നതിനിടെ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ ഓഡിറ്റര്‍ രാജിവെയ്ക്കുന്നു. ഓഡിറ്റര്‍ സ്ഥാനം രാജിവയ്ക്കുന്നതായി ഡിലോയിറ്റ് ഹസ്‌കിന്‍സ് & സെല്‍സ് അദാനി പോര്‍ട്ടിനെ അറിയച്ചതായാണ് വിവരം. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അദാനി പോര്‍ട്ടിന്റെ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകള്‍ അക്കൗണ്ടിംഗ് രംഗത്തെ വമ്പന്മാരായ ഡിലോയിറ്റ് കഴിഞ്ഞ കുറച്ചു നാളുകളായി ചൂണ്ടിക്കാട്ടിയിരുന്നു.
അദാനി പോര്‍ട്ടും മറ്റ് മൂന്ന് സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകളെ കുറിച്ചുള്ള സംശയവും ഇക്കഴിഞ്ഞ മേയില്‍ ഡിലോയിറ്റ് പ്രകടിച്ചിരുന്നു.
ഗ്രൂപ്പുമായി ബന്ധമില്ലാത്തതാണ് മറ്റ് മൂന്ന് കമ്പനികളെന്നാണ് അദാനി വ്യക്തമാക്കിയത്. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണോ ബിസിനസ് എന്നതില്‍ സംശയവും ഓഡിറ്റര്‍ സംശയം പ്രകടപ്പിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. അതിനിടെയാണ് ഓഡിറ്ററുടെ രാജി നീക്കം അദാനിയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. നാളെ വരെ അദാനി-ഹിന്‍ഡന്‍ ബര്‍ഗ് കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി സെബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.