കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്സിൻ ഇന്ത്യയിലുണ്ടാകണമെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ.വി.കെ പോൾ ചൊവ്വാഴ്ച പറഞ്ഞു.
ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോ മിതമായതോ ആയ തോതിലുള്ള എൻഡെമിസിറ്റിയുടെ (പ്രാദേശികമായ പകർച്ചവ്യാധി) ദിശയിലേക്കാണ് നീങ്ങുന്നതെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഡോ.വി.കെ പോൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
“മാറി വരുന്ന സാഹചര്യങ്ങളിൽ നമ്മുടെ വാക്സിനുകൾ ഫലപ്രദമല്ലാതാകാൻ സാദ്ധ്യതയുള്ള ഒരു സാഹചര്യമുണ്ട്. ഒമൈക്രോൺ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, എന്തെല്ലാം സംശയങ്ങൾ ഉയർന്നുവന്നുവെന്ന് നമ്മൾ കണ്ടു. അവയിൽ ചിലത് യഥാർത്ഥമായിരിക്കാം. എന്നാൽ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ല, ”അദ്ദേഹം പറഞ്ഞു.
B.1.1.529 എന്ന പുതിയതും കൂടുതൽ സാംക്രമിക സാദ്ധ്യതയുള്ളതുമായ ഒമൈക്രോൺ വകഭേദം ആദ്യമായി ദക്ഷിണാഫ്രിക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി നവംബർ 24 നാണ് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചത്.
“അതിനാൽ, വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന വാക്‌സിൻ പ്ലാറ്റ്‌ഫോമുകൾ ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, നമ്മൾ അതിനൊത്ത് മുന്നോട്ട് പോവണം,” നിതി ആയോഗ് അംഗം കൂടിയായ ഡോ. പോൾ പറഞ്ഞു.
വാക്‌സിനുകൾ ആവശ്യാനുസരണം പരിഷ്‌ക്കരിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകാൻ നാം തയ്യാറായിരിക്കണം. ഇത് മൂന്ന് മാസത്തിലൊരിക്കൽ സംഭവിക്കണമെന്നില്ല, പക്ഷേ എല്ലാ വർഷവും ഇത് സംഭവിക്കാം എന്ന് ഡോ.വി.കെ പോൾ പറഞ്ഞു.