'ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കരുത്' -നരേന്ദ്ര മോഡിയോട് ബരാക് ഒബാമ രഹസ്യമായി പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് രഹസ്യമായി ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വെളിപ്പെടുത്തല്‍. മറ്റുള്ള രാജ്യങ്ങളില്‍നിന്ന് വിഭിന്നമായി ഇന്ത്യയിലെ മുസ്ലീംങ്ങള്‍ അവരെ സ്വയം പരിഗണിക്കുന്നത് ഇന്ത്യക്കാരായി തന്നെയാണെന്നും മോഡിയോട് പറഞ്ഞിരുന്നതായി ഒബാമ പറഞ്ഞു.

“ഒരു രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കരുത്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വ്യക്തിപരമായും അമേരിക്കന്‍ ജനതയോടും ഞാന്‍ പറഞ്ഞത് ഇതാണ്….മനുഷ്യര്‍ അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മാത്രമെ തെളിഞ്ഞു കാണുന്നുള്ളു, സാമ്യതകള്‍ കാണുന്നില്ല” – ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഒബാമ പറഞ്ഞു.

ഒബാമയുടെ ഈ വാക്കുകള്‍ക്ക് മോഡി എന്ത് മറുപടിയാണ് പറഞ്ഞതെന്ന കാഴ്ച്ചക്കാരുടെ ചോദ്യത്തിന് ഒബാമ നല്‍കിയ മറുപടി, താന്‍ അദ്ദേഹത്തിന്റെ രഹസ്യ സംഭാഷണം പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു.

ജനാധിപത്യത്തില്‍ പ്രധാനപ്പെട്ട ഓഫീസ് എന്നത് പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടെയോ അല്ല അത് ജനങ്ങളുടെയാണെന്നും ഒബാമ പറഞ്ഞു. ഒബാമ ഫൗണ്ടേഷന്റെ ഭാഗമായി ഡല്‍ഹിയില്‍ ടൗണ്‍ഹാള്‍ സംഘടിപ്പിക്കുന്നതിനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പ്രസംഗിക്കുന്നതിനുമാണ് ഒബാമ ഇന്ത്യയിലെത്തിയത്.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായാണ് ബരാക് ഒബാമ ഇന്ത്യയിലെത്തുന്നത്.