രാജ്യത്ത് കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയം ശിപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും.
സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടം പിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും.
ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ജൂൺ 15-നുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശിയ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലെ നിരോധനം.