സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകബാങ്കിനെ അറിയിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഉടമ്പടിയുടെ ചരിത്രത്തിലുടനീളം, കരാറിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, ജല പങ്കിടൽ കരാറുകളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിൽ ലോകബാങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യ “ഉടനടി പ്രാബല്യത്തിൽ” കരാർ നിർത്തിവയ്ക്കുകയാണെന്ന് അറിയിച്ചു കൊണ്ട് വ്യാഴാഴ്ച (ഏപ്രിൽ 24, 2025), ജലവിഭവ മന്ത്രാലയം സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്ഥാൻ ജലവിഭവ മന്ത്രി സയ്യിദ് അലി മുർതാസയ്ക്ക് കത്തെഴുതുകയായിരുന്നു.
“ഒരു ഉടമ്പടിയെ നല്ല വിശ്വാസത്തോടെ മാനിക്കാനുള്ള ബാധ്യത ഉടമ്പടിയുടെ അടിസ്ഥാനമാണ്. എന്നാൽ, ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യം വച്ചുള്ള പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടത്. ‘സുരക്ഷാ അനിശ്ചിതത്വങ്ങൾ’ ഇന്ത്യയുടെ ‘പൂർണ്ണ ഉപയോഗ അവകാശങ്ങളെ’ നേരിട്ട് തടസ്സപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉടമ്പടി പുനഃപരിശോധിക്കാനുള്ള ഇന്ത്യയുടെ മുൻ അഭ്യർത്ഥനകളോട് പ്രതികരിക്കാത്ത പാകിസ്ഥാൻറെ നടപടി അവരുടെ ഭാഗത്തുനിന്നുള്ള വിശ്വാസ ലംഘനമാണ്. ഇന്ത്യ അയച്ച കത്തിൽ പറയുന്നു.
Read more
കരാറിലെ ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ അറിയിച്ചിരുന്നതിനാൽ, ലോക ബാങ്കിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നും ഒരു സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. “അതിന്റെ അംഗരാജ്യങ്ങൾ എടുക്കുന്ന ഉടമ്പടിയുമായി ബന്ധപ്പെട്ട പരമാധികാര തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല എന്ന് ലോകബാങ്കും പ്രതികരിച്ചു. എന്നാൽ ചോദ്യങ്ങൾക്ക് മറുപടിയായി ലോകബാങ്ക് വക്താവ് ഉടമ്പടിയെ പിന്തുണച്ചു. താൽക്കാലികമായി നിർത്തിവച്ച നടപടി പിൻവലിക്കാൻ എന്തെങ്കിലും നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “പരിമിതമായ നിർവചിക്കപ്പെട്ട ജോലികൾക്കായി” മാത്രമാണ് ലോകബാങ്ക് ഉടമ്പടിയിൽ ഒപ്പുവച്ചതെന്ന് വക്താവ് വിശദീകരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 60 വർഷത്തിലേറെയായി നിലനിൽക്കുന്ന വളരെ പ്രധാനപ്പെട്ടതും വിജയകരവുമായ ഒരു കരാറാണ് സിന്ധു നദീജല കരാർ.