പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഐഎൻഎസ് സൂറത്തിൽ നിന്നും മിസൈൽ പരീക്ഷണം നടത്തി

പാകിസ്ഥാന്റെ ഏത് ആക്രമണത്തെയും നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ നേവിയുടെ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് ഇന്ത്യ മിസൈൽ പരീക്ഷണം നടത്തി. കറാച്ചി തീരത്ത് പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഇന്ത്യയുടെ പരീക്ഷണം.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് തെളിഞ്ഞുവരുന്നതിന് പിന്നാലെ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും കൂടിയാണ് ഇന്ത്യ. അട്ടാരി അതിർത്തിയിലെ പ്രതിദിന ബീറ്റിങ് ദി റിട്രീറ്റ് നിർത്തിവയ്ക്കുമെന്നാണ് റിപ്പോർട്ട്. അട്ടാരി – വാഗ അതിർത്തി അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന്‌ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കി. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായിരുന്നു.

WATCH MORE

Read more