മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: ജെ പി നദ്ദ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാൽ  ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദ . അരിയലൂരിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.

പ്രധാനമന്ത്രിയുടെ ഊർജസ്വലമായ നേതൃത്വത്തിൽ രാജ്യം വികസനക്കുതിപ്പ് നടത്തിയിരിക്കുകയാണ്. സാമ്പത്തികശേഷിയിൽ 2019 ൽ ഇന്ത്യ ലോകത്ത് പതിനൊന്നാമത്തെ സ്ഥാനത്തായിരുന്നു. കോവിഡും യുക്രൈൻ യുദ്ധവും ഉണ്ടായെങ്കിലും ബ്രിട്ടനെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും നദ്ദ പറഞ്ഞു.

ഇലക്ട്രോണിക്സ്  മേഖലയിൽ രാജ്യത്തിൻ്റെ ഉത്പാദനവും കയറ്റുമതിയും ആറ് മടങ്ങ് വർധിച്ചതായും നദ്ദ പറഞ്ഞു. 2014-ൽ ചൈന ഉത്പാദിപ്പിച്ച മൊബൈൽ ഫോണുകളാണ് ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളാണ് ജനങ്ങളുടെ പക്കലുള്ളതെന്നും രാജ്യത്തെ 97 ശതമാനം ഫോണുകളും ഇന്ത്യയിൽത്തന്നെ ഉത്പാദിക്കുന്നവയാണെന്നും നദ്ദ പറഞ്ഞു.

Read more

മൂന്നാം തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യം തമിഴ്‌നാട്ടിലെ ജനങ്ങൾ ഉറപ്പാക്കണം. അതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനക്കുതിപ്പ് കൈവരിച്ചതായും നദ്ദ അവകാശപ്പെട്ടു. പൊതുതിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ ഏപ്രിൽ 19-നാണ് തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.