'ഇന്ത്യ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കില്ല, പക്ഷെ'; മുന്നറിയിപ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ഇന്ത്യ തങ്ങളുടെ അയൽക്കാരെ ഒരിക്കലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും എന്നാൽ തിന്മ ഉയർന്നുവന്നാൽ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളൊക്കെ റദ്ദാക്കിയ സന്ദർഭത്തിലാണ് ആർഎസ്എസ് നേതാവിന്റെ പ്രതികരണം.

‘നമ്മൾ ഒരിക്കലും അയൽക്കാരെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യില്ല. പക്ഷേ ഒരാൾ തിന്മയായി മാറിയാൽ മറ്റെന്ത് ചെയ്യാനാകും? ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിൻ്റെ കടമ. അദ്ദേഹം തന്റെ കടമ നിർവഹിക്കുക തന്നെ വേണം. ഗുണ്ടകളെ പാഠം പഠിപ്പിക്കുന്നതും കടമയുടെ ഭാഗമാണ്. അഹിംസ ഹൈന്ദവ വിശ്വാസത്തിൻ്റെ കാതലായ തത്വമാണ്. എന്നാൽ അക്രമികളെ നേരിടാനും ഹിന്ദുത്വം പഠിപ്പിക്കുന്നു.’

Read more

‘ഇന്നത്തെക്കാലത്ത് സനാതന ധർമ്മത്തിൻ്റെ അർത്ഥം കൃത്യമായി മനസിലാക്കേണ്ടത് പ്രധാനമാണ്. സത്യം, ശുചിത്വം, കരുണ, തപസ്യ എന്നിങ്ങനെ നാല് തൂണുകളിലാണ് മതം നിലകൊള്ളേണ്ടത്. ഇതിനപ്പുറമുള്ലതെല്ലാം അധർമ്മമാണ്. ഇന്ന് മതം ആചാരങ്ങളിലും ആഹാര രീതികളിലും മാത്രം ഒതുങ്ങി നിൽക്കുകയാണ്’-മോഹൻ ഭഗവത് പറഞ്ഞു. ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതം ചോദിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ഹിന്ദുക്കൾ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യില്ല. അത് നമ്മുടെ രീതിയല്ല. വെറുപ്പും ശത്രുതയും നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല. എന്നാൽ അതിനർത്ഥം നിശബ്ദമായി അക്രമം സഹിക്കുക എന്നല്ല’- മറ്റൊരു പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു.