അഭിമാനം വാനോളം ഉയര്‍ത്തി പുതിയ നേട്ടവുമായി ഇന്ത്യന്‍ വ്യോമസേന

അഭിമാനം വാനോളം ഉയര്‍ത്തി പുതിയ നേട്ടവുമായി ഇന്ത്യന്‍ വ്യോമസേന. ചരിത്രത്തില്‍ ആദ്യമായി ലോകത്തിലെ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കിയ രാജ്യത്തെ ആദ്യ സേന വിഭാഗമെന്ന നേട്ടമാണ് വ്യോമസേന നേടിയത്. വ്യോമസേനയുടെ അഞ്ചംഗ പര്‍വതാരോഹക സംഘം കഴിഞ്ഞ ദിവസം അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലെ വിന്‍സണ്‍ കൊടുമുടി കീഴടക്കിയിരുന്നു. ഇതോടെയാണ് ചരിത്ര നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ വ്യോമസേനയും എത്തിയത്.

ലോകത്തിലെ ആറു ഭൂഖണ്ഡങ്ങളിലും മുമ്പ് വ്യോമസേനയിലെ വ്യത്യസ്ത പര്‍വതാരോഹക സംഘങ്ങള്‍ സമാനമായ രീതിയില്‍ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ കീഴടങ്ങി. ഏറ്റവും അവസാനമാണ് 4897 മീറ്റര്‍ ഉയരമുള്ള വിന്‍സണ്‍ കൊടുമുടി കീഴടങ്ങിയത്. ഇതിനു നേതൃത്വം നല്‍കിയത് ക്യാപ്റ്റന്‍ ആര്‍.സി.ത്രിപാഠിയായിരുന്നു. സംഘത്തില്‍ വിങ് കമാന്‍ഡന്‍ എസ്.എസ്.മല്ലിക്, സ്‌ക്വാഡ്രണ്‍ ലീഡര്‍ രാജേഷ് മൂഖി, സര്‍ജന്റ് ആര്‍.ഡി.കാലേ, കോര്‍പറല്‍ പവന്‍കുമാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

Read more

ഏഴു കൊടുമുടികള്‍ കീഴടക്കിയ സംഘത്തിലും ക്യാപ്റ്റന്‍ ആര്‍.സി.ത്രിപാഠി അംഗമായിരുന്നു. ഏഴാമത്തെ കൊടുമുടി കീഴടക്കി തിരിച്ചു വന്ന സംഘത്തെ വ്യോമസേനാ മേധാവി ബി.എസ്.ധനോവ നേരിട്ട് സ്വീകരിച്ചു.