പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ (പിഒകെ) നടപടികൾക്ക് സൈന്യം എപ്പോഴും സുസജ്ജമാണെന്ന് ഇന്ത്യൻ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.
“കരസേന എല്ലായ്പ്പോഴും തയ്യാറാണ് (സേന തോ ഹമേഷ തയ്യാർ റെഹ്തി ഹെ),” പിഒകെയിൽ നടപടിക്ക് സേന തയ്യാറാണോ എന്ന ചോദ്യത്തിന് ജനറൽ റാവത്ത് എഎൻഐയോട് പറഞ്ഞു.
എന്നാൽ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് കരസേനാ മേധാവി വ്യക്തമാക്കി.
“സർക്കാർ ആണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശിക്കുന്നതു പോലെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കും,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമായി പരാമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ, “ഇത് കേട്ടതിനു ശേഷം ഞങ്ങൾ നിങ്ങളെ പോലെ വളരെ സന്തുഷ്ടരാണ്. ഇതാണ് സത്യം. ഇതാണ് യാഥാർത്ഥ്യം.” ബിപിൻ റാവത്ത് പ്രതികരിച്ചു.
” ജമ്മു കശ്മീരിൽ നടക്കുന്നത് അവിടുത്തെ ജനങ്ങളുടെ നന്മക്ക് വേണ്ടി ആണെന്ന് അവർ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. സർക്കാർ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു … ആർട്ടിക്കിൾ 370 റദ്ദാക്കി … ഇതെല്ലാം ജമ്മു കശ്മീരിനെ ഇന്ത്യയോടൊപ്പം സമന്വയിപ്പിക്കാൻ ചെയ്തതാണ്.” ജമ്മു കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് കരസേനാ മേധാവി പറഞ്ഞു
ജമ്മു കശ്മീരിലെ നിവാസികൾ സുരക്ഷാ സേനയ്ക്കും ഭരണകൂടത്തിനും താഴ്‌വരയിൽ സമാധാനം സ്ഥാപിക്കാൻ അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 30 വർഷമായി അവർ ഭീകരതയെ നേരിടുന്നു. സമാധാന പ്രക്രിയയ്ക്ക് ഒരു അവസരം ഇപ്പോൾ അവർ നൽകണം. മുൻ വർഷങ്ങളിൽ അവർക്ക് ലഭിക്കാതെ പോയ കാര്യങ്ങൾ, സമാധാനത്തിലൂടെ തങ്ങൾക്ക് ലഭിച്ചതെങ്ങനെയാണെന്ന് അവർക്ക് മനസ്സിലാകും, അദ്ദേഹം കൂട്ടിച്ചേർത്തു.